Wednesday, September 21, 2011

രാത്രിയുടെ കറുത്ത ഭിത്തികളില്‍,
നിലാവിന്‍റെ തണുത്ത വിരല്‍സ്പര്‍ശം.....
കാത്തിരിപ്പിന്‍റെ തുറന്ന കണ്‍പോളകളില്‍,
കനലുകൊണ്ടെഴുതിയ കവിത.....
ഇരുളിലെക്കൂര്‍ന്നുവീണ
പതിഞ്ഞ ശബ്ദങ്ങള്‍ക്ക്‌ നടുവില്‍,
ആരോ പെറുക്കിവച്ച
പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍......
ഇനിയുറങ്ങാം.......

Tuesday, April 19, 2011

നിന്‍റെ കിനാവിന്‍ അസ്ഥിതറയി -
ലൊരന്തി തിരിയായ്എരിയാന്‍ മാത്രം....
പ്രണയം കൊണ്ട് പകിട കളിക്കാം ,
പകരം വയ്കാം ഒരു ജന്മം........

Tuesday, December 28, 2010

ഈ ഭ്രമണപഥത്തില്‍ നമ്മളിരുപേര്‍ ,

അകന്നും, പിന്നെ അടുത്തും ;

നിഴലുകളാല്‍ നമ്മളന്യോന്യം

മറയ്ക്കപ്പെടുമ്പോള്‍ ഗ്രഹണം .......

Sunday, November 14, 2010

വഴികള്‍ രണ്ടാണെന്‍കിലും ,

വേഗത്തിലൊഴുകാം നമുക്ക്.......

ചേരുന്ന കടലിലെങ്കിലും

ഒരേ പേരില്‍ വിളിക്കപ്പെടട്ടെ

നമ്മിലെ ഉപ്പിനെ........

Thursday, August 26, 2010

നിഴലിനെപ്പോലും വേവിച്ചു തിന്നുന്ന
ഗ്രീഷ്മം തിളയ്ക്കുകയാണുള്ളില്‍.....
അവിടെയൊരു ചുടുകാറ്റിന്‍, വശ്യ-
നിശ്വാസമായ്നീയും........

Thursday, March 4, 2010

ഓര്‍മ്മതന്‍ അരയാലിന്‍ കൊമ്പത്ത്

ഒരുച്ചഭാഷിണി മുഴങ്ങുമ്പോള്‍

വീടുമൊരുത്സവക്കാലം

വിരുന്നു വന്നെത്തിയ പോലെ ......

Friday, July 31, 2009

നിന്‍റെ മിഴികളില്‍ നിന്നെന്നെ അടര്‍ത്തിയ
ഇരുളിന്‍റെ കറുത്ത വിരിക്കപ്പുറം ,
പ്രണയത്തിന്‍റെ ചുവന്ന സൂര്യന്‍
ജ്വലിക്കുന്നതറിക..........

ഗ്രഹണം നിഴല്‍ മൂടിയ വഴികളില്‍
കാലിടറുന്ന യാഥാര്‍ത്യങ്ങള്‍ക്കപ്പുറം
പുലരിയായ്‌ നിന്‍റെ മൗനതടങ്ങളില്‍
ഉദയം സ്വപ്നം കാണുന്ന സൂര്യന്‍.......


കടപ്പാട് : ആംഗലകവി ആല്‍ഫ്രഡ്‌ ടെന്നിസണ്‍ടെ 'മാര്യേജ് മോര്‍ണിംഗ് 'ലെ
ഞാനിഷ്ടപ്പെട്ട വരികളോട്......